by webdesk1 on | 10-01-2025 09:55:59
വാഷിങ്ടൺ: വിവാഹേതര ബന്ധം പുറത്ത് പറയാതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ട ഹഷ് മണി കേസിൽ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിയമക്കുടുക്ക്. കേസിൽ വിധി പറയുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നൽകിയ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി.
ഒമ്പത് സുപ്രീം കോടതി ജഡ്ജിമാരിൽ 5 പേരും ട്രംപിന്റെ അപേക്ഷയെ എതിർത്തതോടെയാണ് തള്ളിയത്. കേസിൽ ഇന്ന് വിധി ഉണ്ടാകും.
നിയമപ്രകാരം നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയിൽശിക്ഷ വിധിക്കാനുള്ള സാധ്യത വിരളമാണ്. അത്തരമൊരു ശിക്ഷ വിധിയോട് താൽപര്യമില്ലെന്നു ന്യൂയോർക്ക് കോടതി പറഞ്ഞിരുന്നു. നിയുക്ത പ്രസിഡന്റായതിനാൽ ശിക്ഷയിൽ ഇളവുണ്ടാകുമെന്നു നിയമവിദഗ്ധരും പറയുന്നു.
ഈ സാഹചര്യത്തിൽ ട്രംപിനു ഭയപ്പെടാനൊന്നുമില്ലെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ തന്റെ രാഷ്ട്രീയ ഭാവിക്ക് അത് തിരിച്ചടിയാകും. മാത്രമല്ല ഈ മാസം 20ന് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ കേസിലെ തിരിച്ചടി പ്രതിപക്ഷ പാർട്ടികൾ ആയുധമായി ഉപയോഗിക്കുകയും ചെയ്യും.
കേസിൽ എന്തു നടപടിയെടുത്താലും ക്രിമിനൽ കുറ്റകൃത്യത്തിന് (ഫെലണി ക്രൈം) വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ് എന്ന പേരുദോഷം ട്രംപിന് എക്കാലവും ഒരു ചീത്തപ്പേരായി നിലനിൽക്കും. ഇന്ന് നടക്കുന്ന കോടതി നടപടികളിൽ ഫ്ലോറിഡയിലെ തന്റെ സ്വകാര്യവസതിയിൽ നിന്ന് വെർച്വലായാകും ട്രംപ് ഹാജരാവുക.
ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണു കേസ്.
2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയത്. 2006ൽ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി കോടതിയിൽ വ്യക്തമാക്കിയിരുന്നു.