by webdesk1 on | 06-01-2025 02:32:29
വയനാട്: മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും യുവ നടന്മാര്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്തതില്‍ വിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ പാര്‍വതി തിരുവോത്ത്. മലയാളത്തിലെ യുവ താരങ്ങളില്‍ പലരും മൗനത്തിലാണ്. പഴയ തലമുറയിലേതിനേക്കാള്‍ കുറേക്കൂടി മോശമായിരിക്കുകയാണ് അവര്‍. തെറ്റുകളോട് പ്രതികരിക്കാന്‍ അവര്‍ മടിക്കുന്നു. ഇവര്‍ക്കൊപ്പമാണല്ലോ വര്‍ക്ക് ചെയ്യേണ്ടി വരുന്നതെന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു.
വലിയ ബഡ്ജറ്റില്‍ പുരുഷാകാശ ആക്ടിവിസമെന്ന് പറഞ്ഞ് സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. ആല്‍ഫ മെയിലും സ്ത്രീകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമൊക്കെയുള്ള പഴയകാലം തിരിച്ച് കൊണ്ട് വരുമെന്നാണ് അവര്‍ പറയുന്നത്. അടുത്തിടെ അത് പോലെയൊരു സിനിമ കണ്ടെന്നും പാര്‍വതി പറയുന്നു.
വയനാട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തുകാരി അരുദ്ധതി റോയ്‌ക്കൊപ്പം സംസാരിക്കവേയാണ് മലയാള സമിനിമയിലെ ഒരു വിഭാഗം യുവ നടന്മാരെക്കുറിച്ച് പാര്‍വതി വിമര്‍ശനം ഉന്നയിച്ചത്. നിലവില്‍ മലയാള സിനിമാ രംഗത്തുള്ള പ്രശ്‌നങ്ങളില്‍ യുവ നടന്‍മാരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതായിരുന്നു അരുദ്ധതി റോയിയുടെ ചോദ്യം.
കഴിഞ്ഞ ദിവസം അമ്മ സംഘടനയ്‌ക്കെതിരെയും പാര്‍വതി വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയുണ്ടായി. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെതില്ലെന്ന് പാര്‍വതി പറഞ്ഞു. എ.എം.എം.എയാണ്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ലെന്നും പാര്‍വതി പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോള്‍ സംഘടനയില്‍ നിന്നും ഇറങ്ങാന്‍ തോന്നും. അതാണ് താന്‍ ചെയ്തതെന്നും പാര്‍വതി വ്യക്തമാക്കി.
അഭിപ്രായങ്ങള്‍ തുറന്ന് പറയേണ്ടി വന്നതിന്റെ പേരില്‍ കരിയറില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകാന്‍ നടി പാര്‍വതി തിരുവോത്തിന് കഴിഞ്ഞിട്ടുണ്ട്. ഡബ്ല്യു.സി.സിയുടെ രൂപീകരണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങി മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ സംഭവങ്ങളിലെല്ലാം പാര്‍വതി മുന്നിലുണ്ടായിരുന്നു.