by webdesk1 on | 16-12-2024 12:40:10
തിരുവനന്തപുരം: വലിയ കോളിളക്കത്തോടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എലിയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയ്യിലേത്തി വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് പുറത്തുവരുന്നത്. എന്നിട്ടും വാഗ്ദാനങ്ങളല്ലാതെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഒരു നടപടികളും ഉണ്ടായിട്ടുമില്ല.
അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാവിയും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. പരാതി നല്‍കിയിട്ടുള്ള സംഭവങ്ങളില്‍ മാത്രമാണ് കേസുകള്‍ എടുത്തിട്ടുള്ളത്. ആ കേസുകളില്‍ ആരോപണ വിധേയര്‍ക്ക് ജാമ്യം കിട്ടുകയുമുണ്ടായി. ഇതില്‍ ചുരുക്കം കേസുകളില്‍ മാത്രമാണ് കുറ്റപത്രം തയാറാക്കുന്ന നടപടികളിലേക്കെങ്കിലും കടന്നിട്ടുള്ളത്.
ഭൂരിഭാഗം പരാതിയിലും തെളിവുശേഖരണം മാത്രമാണ് നടക്കുന്നത്. കൂടാതെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മൊഴിയെടുത്ത് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ചിലതില്‍ പരാതിക്കാര്‍ പിന്‍വാങ്ങുന്ന സാഹചര്യവുമുണ്ടായി. പരാതി പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കുമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടക്കുന്ന കേസുകളില്‍ അത് പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മൊത്തം 65 കേസാണ് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്തത്. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഈ കേസുകളില്‍ തെളിവ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍, കമ്മിറ്റി മുന്‍പാകെ മൊഴിനല്‍കിയവരില്‍ പലരും പോലീസ് സംഘത്തിന് മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് ചില നടിമാര്‍തന്നെ പറഞ്ഞതോടെ കേസിന് ആധാരമായ സംഭവങ്ങളില്‍ തെളിവുലഭിക്കാത്ത അവസ്ഥയുണ്ട്. ഇത്തരം കേസുകളുമായി എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് അന്വേഷണസംഘം.