News Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല, വര്‍ഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല: മുഖ്യമന്ത്രി

Axenews | നേമത്ത് എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല, വര്‍ഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല: മുഖ്യമന്ത്രി

by webdesk2 on | 31-03-2026 11:09:15

Share: Share on WhatsApp Visits: 11


നേമത്ത് എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല, വര്‍ഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നേമത്ത് എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയിട്ടില്ലെന്നും അത്തരം പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വി. ശിവന്‍കുട്ടി വ്യക്തിപരമായി പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടില്ല. രാഷ്ട്രീയമായി യോജിപ്പില്ലാത്തവരും ബിജെപി പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമായ ചിലര്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടാകാം. എന്നാല്‍ ഒരു വര്‍ഗീയതയുമായും ഇടതുപക്ഷം വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അത് എല്‍.ഡി.എഫിന്റെ ശുദ്ധമായ വര്‍ഗീയ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തെ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാകുമല്ലോ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

വാര്‍ത്താസമ്മേളനങ്ങള്‍ക്കിടെ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ചിലര്‍ ബഹളം സൃഷ്ടിക്കുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ചോദ്യങ്ങളെ വക്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവരാണ് ഇടതുപക്ഷം. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കിയതോടെ അവര്‍ക്ക് ഇടതുപക്ഷത്തോട് ആഭിമുഖ്യം വര്‍ധിച്ചു. ഇത് തകര്‍ക്കാന്‍ വലതുപക്ഷക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള സംവാദം ഫേസ്ബുക്കിലൂടെ തുടരട്ടെ എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം, സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥലവും സമയവും നിശ്ചയിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് താന്‍ എത്താന്‍ തയ്യാറാണെന്നും സതീശന്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment