News Kerala

റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ഔട്ട്ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്കോ

Axenews | റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ഔട്ട്ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്കോ

by webdesk2 on | 02-01-2026 08:24:51 Last Updated by webdesk3

Share: Share on WhatsApp Visits: 4


റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ഔട്ട്ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്കോ

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന 17 ബവ്‌റിജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) ഔട്ട്ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി റെയില്‍വേ. യാത്രക്കാര്‍ മദ്യപിച്ച് ട്രെയിനില്‍ കയറി അക്രമങ്ങള്‍ നടത്തുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നീക്കം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന 17 ഔട്ട്ലെറ്റുകളുടെ പട്ടിക സഹിതമാണ് റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ബെവ്കോയ്ക്ക് കത്തുനല്‍കിയത്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. സ്റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലകള്‍ മാറ്റണമെന്നാണ് പ്രധാന ആവശ്യം. ട്രെയിനുകളില്‍ മദ്യപിച്ചെത്തുന്നവര്‍ സഹയാത്രികരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നത് റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ കേരള എക്‌സ്പ്രസില്‍ മദ്യപാനി പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ട സംഭവം ഇതിന് കാരണമായി റെയില്‍വേ നിരത്തുന്നു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 500 മീറ്റര്‍ പരിധിയില്‍ നിന്ന് ഔട്ട്ലെറ്റുകള്‍ മാറ്റണം. മദ്യപിച്ചെത്തുന്നവര്‍ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ ഇത് അത്യാവശ്യമാണ്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ ആളുകള്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് മദ്യശാലകളിലേക്ക് പോകുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ആര്‍.പി.എഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റെയില്‍വേയുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് ബെവ്കോയുടെ പ്രാഥമിക വിലയിരുത്തല്‍. സ്റ്റേഷന്‍ പരിസരത്ത് നിരവധി ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബെവ്കോ ഔട്ട്ലെറ്റുകള്‍ മാത്രം മാറ്റുന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നിലവിലുള്ള ഔട്ട്ലെറ്റുകള്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ജനവാസ മേഖലകളില്‍ നിന്ന് വലിയ തോതിലുള്ള ജനകീയ പ്രതിരോധം നേരിടേണ്ടി വരുമെന്നതും ബെവ്കോയെ കുഴപ്പിക്കുന്നുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment