News India

എസ്‌ഐആര്‍: പുതിയ വോട്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്താന്‍ അവസരമില്ല

Axenews | എസ്‌ഐആര്‍: പുതിയ വോട്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്താന്‍ അവസരമില്ല

by webdesk2 on | 02-01-2026 06:30:30 Last Updated by webdesk2

Share: Share on WhatsApp Visits: 8


എസ്‌ഐആര്‍: പുതിയ വോട്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്താന്‍ അവസരമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായി സമര്‍പ്പിക്കുന്ന പുതിയ അപേക്ഷകളില്‍ തിരുത്തലുകള്‍ വരുത്താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അവസരമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫോം ആറ് വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ വെബ്സൈറ്റില്‍ അത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമല്ല.

അപേക്ഷകളില്‍ പിഴവ് സംഭവിച്ചാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) നടത്തുന്ന ഫീല്‍ഡ് വെരിഫിക്കേഷന്‍ വേളയില്‍ മാത്രമേ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ. അപേക്ഷയില്‍ തെറ്റ് സംഭവിച്ചു എന്ന കാരണത്താല്‍ വീണ്ടും ഫോം ആറ് സമര്‍പ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത്തരത്തില്‍ ഒന്നിലധികം അപേക്ഷകള്‍ നല്‍കുന്നത് അപേക്ഷ തന്നെ നിരസിക്കപ്പെടാന്‍ കാരണമായേക്കാമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് പട്ടികയില്‍ നിന്ന് 24,08,503 പേരാണ് പുറത്തായത്. ഇതില്‍ 6,49,885 പേര്‍ മരിച്ചവരാണെന്നാണ് കണക്ക്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇനി വ്യക്തിഗതമായ ഹിയറിങ്ങോ മറ്റ് ഓര്‍മ്മപ്പെടുത്തലുകളോ കമ്മീഷന്‍ നല്‍കില്ല. ഇവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ വീണ്ടും ഇടം പിടിക്കണമെങ്കില്‍ പുതിയ വോട്ടര്‍മാരെപ്പോലെ ഫോം ആറ് വഴി അപേക്ഷ നല്‍കേണ്ടതുണ്ട്.

വിവരങ്ങളുടെ അഭാവം മൂലം അന്തിമ പട്ടികയില്‍ നിന്ന് പുറത്തായാല്‍ മാത്രമേ വീണ്ടും ഫോം ആറ് വഴി അപേക്ഷിക്കാന്‍ സാധിക്കൂ. കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും 2002-ലെ പട്ടികയുമായി മാപ്പിങ് പൂര്‍ത്തിയാക്കാത്തവര്‍ക്കുള്ള ഹിയറിങ് നോട്ടീസുകള്‍ അയച്ചു വരികയാണ്. ഹിയറിങ്ങിന് ഏഴ് ദിവസം മുന്‍പ് നോട്ടീസ് ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇതുവരെ 76,965 ഫോമുകളാണ് പേര് ചേര്‍ക്കുന്നതിനായി ലഭിച്ചത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിനായി 21,792 അപേക്ഷകളും കമ്മീഷന് ലഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും മാറ്റങ്ങള്‍ വരുത്താനും വോട്ടര്‍മാര്‍ക്ക് ജനുവരി 22 വരെ സമയമുണ്ട്.





Share:

Search

Recent News
Popular News
Top Trending


Leave a Comment