News India

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

Axenews | വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

by webdesk2 on | 01-01-2026 09:39:19 Last Updated by webdesk2

Share: Share on WhatsApp Visits: 7


വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ, ഹിന്ദു വ്യവസായിയെ ഒരു സംഘം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ശരിയത്ത്പൂര്‍ ജില്ലയിലെ ദമുദ്യയില്‍ ഡിസംബര്‍ 31-ന് രാത്രിയാണ് സംഭവം നടന്നത്. 50-കാരനായ ഖഖന്‍ ചന്ദ്ര ദാസാണ് ഈ ക്രൂരമായ ആക്രമണത്തിന് ഇരയായത്.

തന്റെ മെഡിക്കല്‍ ഷോപ്പും മൊബൈല്‍ ബാങ്കിംഗ് സ്ഥാപനവും അടച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖഖന്‍ ദാസ്. കെര്‍ഭംഗ ബസാറിന് സമീപം വെച്ച് ഒരു സംഘം ആളുകള്‍ വാഹനം തടയുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ഇയാളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തീ പടര്‍ന്നയുടന്‍ ഖഖന്‍ ദാസ് സമീപത്തുള്ള കുളത്തിലേക്ക് എടുത്തുചാടിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മുഖത്തും തലയുടെ പിന്‍ഭാഗത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ ഇയാളെ നിലവില്‍ വിദഗ്ധ ചികിത്സയ്ക്കായി ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് പിന്നില്‍ പ്രാദേശിക താമസക്കാരായ റബ്ബിയും സോഹാഗും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നുണ്ടെങ്കിലും, പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് ഇവര്‍ ഖഖന്‍ ദാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഇയാളുടെ ഭാര്യ ആരോപിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ വലിയ ആക്രമണമാണിത്. ഡിസംബര്‍ 18-ന് മൈമന്‍സിംഗ് ജില്ലയില്‍ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി തീകൊളുത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മറ്റ് രണ്ട് ഹിന്ദു യുവാക്കളും കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഈ തുടര്‍ച്ചയായ അതിക്രമങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment