News Kerala

നടനും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

Axenews | നടനും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

by webdesk2 on | 20-12-2025 08:15:36

Share: Share on WhatsApp Visits: 5


 നടനും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ തുല്യനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്.

സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ ശ്രീനിവാസന്‍ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. 1976-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിന് കഥ എഴുതിക്കൊണ്ട് തിരക്കഥാ രംഗത്തും അദ്ദേഹം സജീവമായി.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എം.എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, കഥ പറയുമ്പോള്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. അദ്ദേഹം എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1991-ല്‍ പുറത്തിറങ്ങിയ  സന്ദേശം എന്ന ചിത്രം കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ ഇന്നും വലിയ ചര്‍ച്ചാവിഷയമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹം ഏറ്റവും ഒടുവില്‍ തിരക്കഥ എഴുതിയ ചിത്രം. പ്രിയദര്‍ശനുമായി ചേര്‍ന്ന് മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ മുഖം നല്‍കിയ ചിത്രങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

വിമലയാണ് ഭാര്യ. പ്രശസ്ത സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്. മലയാള സിനിമയിലെ ഒരു വലിയ ശൂന്യത ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment