News Kerala

ഒരുകാലത്ത് പിണറായിയുടെ വിശ്വസ്തന്‍, ഇടഞ്ഞതോടെ അഴിക്കുള്ളില്‍: അന്‍വറിന്റെ അറസ്റ്റിന് പിന്നില്‍ പകപോക്കലോ? പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്

Axenews | ഒരുകാലത്ത് പിണറായിയുടെ വിശ്വസ്തന്‍, ഇടഞ്ഞതോടെ അഴിക്കുള്ളില്‍: അന്‍വറിന്റെ അറസ്റ്റിന് പിന്നില്‍ പകപോക്കലോ? പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്

by webdesk1 on | 06-01-2025 07:23:40 Last Updated by webdesk1

Share: Share on WhatsApp Visits: 89


ഒരുകാലത്ത് പിണറായിയുടെ വിശ്വസ്തന്‍, ഇടഞ്ഞതോടെ അഴിക്കുള്ളില്‍: അന്‍വറിന്റെ അറസ്റ്റിന് പിന്നില്‍ പകപോക്കലോ? പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്



മലപ്പുറം: പിണറായി വിജയനുവേണ്ടി ആര്‍ക്കെതിരെയും എന്തും പറയാന്‍ മടിയില്ലാത്ത ആള്‍, ഒടുവില്‍ മുഖ്യമന്ത്രിയേയും പൊളിറ്റിക്കള്‍ സെക്രട്ടറിയേയും വിമര്‍ശിച്ചതിന്റെ പേരില്‍ കണ്ണിലെ കരടായി, ഇപ്പോഴിതാ പിണറായിയുടെ പോലീസ് അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പി.വി. അന്‍വര്‍ എന്ന മുന്‍ ഭരണകക്ഷി എം.എല്‍.എയുടെ കഴിഞ്ഞകാലത്തെ രാഷ്ട്രീയ ചരിത്രം ഇത്ര ചുരുക്കി പറഞ്ഞാല്‍ തന്നെ അതിലെല്ലാം ഉണ്ട്.

വന്യമൃഗ ആക്രമണത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് പി.വി. അന്‍വര്‍ എം.എല്‍.എയെ ഇന്നലെ രാത്രി ഒതായിയിലെ വീട്ടിലെത്തി നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണ തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പ്രതിഷേധം കനത്തതോടെ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഞാനൊരു നിയമസഭാ സമാജികനായതുകൊണ്ട് മാത്രം നിയമത്തിന് വഴങ്ങുകയാണ്. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും തന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നായിരുന്നു അറസ്റ്റിന് ശേഷമുള്ള അന്‍വറിന്റെ പ്രതികരണം. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണ്. ജയിലിലിട്ട് ഒരു പക്ഷേ കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ താന്‍ കാണിച്ചുകൊടുക്കുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അന്‍വറിനെ തവനൂര്‍ ജലിലേക്കാണ് കൊണ്ടുപോയത്. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞു. ഒന്നാം പ്രതിയായ അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. എം.എല്‍.എയുടെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചത്. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി.വി. അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് പിണറായി വ്യക്തമാക്കണം. പൊതുപ്രവര്‍ത്തകനും എം.എല്‍.എയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പോലീസ് അമിത വ്യഗ്രത കാണിച്ചുവെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു.

സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ വാര്‍ത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അന്‍വറെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതില്‍ മുന്നിട്ട് നിന്ന ആളാണ് സുധാകരന്‍. വി.ഡി. സതീശന്റെ എതിര്‍പ്പാണ് അതിന് തടസമായത്.

ഒരുകാലത്ത് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും വിശ്വസ്തനും മുന്നണി പോരാളിയുമായിരുന്ന അന്‍വറിന്റെ പതനം വളരെപ്പെട്ടന്നായിരുന്നു. സൈബര്‍ ഇടങ്ങളിലൂടെ പ്രതിപക്ഷ നേതാക്കളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് അന്‍വര്‍ കടന്നാക്രമിച്ചിരുന്നത്. അന്ന് അന്‍വറിന് സൈബര്‍ പോരാളികളുടെ പിന്തുണ ആവോളമുണ്ടായിരുന്നു. എന്തിന് മുഖ്യമന്ത്രി പോലും പിന്തുണച്ചു. ഇതിന് പിന്നാലെ പോലീസിനെയും പാര്‍ട്ടിയെയും തിരുത്താനിറങ്ങിയ ഇടപെടലുകളാണ് അന്‍വറിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്തിച്ചത്.

എ.ഡി.ജി.പി അജിത് കുമാറിനേതിരേയും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരേയും വിമര്‍ശിച്ച് തുടങ്ങിയതാണ് അന്‍വറിന്റെ ഒറ്റയാള്‍ പോരാട്ടം. പോലീസിന് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ആദ്യം ശ്രമിച്ചത്. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പക്ഷേ, അവിടെ അവസാനിച്ചില്ല. ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയിലേക്കും കടുപ്പിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ അന്‍വര്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായി. അങ്ങനെ ഇടത് മുന്നണിയില്‍ നിന്ന് പുറത്തേക്ക് തള്ളപ്പെട്ടു.

പല പാര്‍ട്ടികളിലേക്കും ചേക്കേറാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഡി.എം.കെ എന്ന കക്ഷിയുണ്ടാക്കി. ചേലക്കരയില്‍ ഡി.എം.കെയുടെ സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് വന്യജീവി ആക്രമത്തിനെതിരേയുള്ള മാര്‍ച്ച് നടത്താന്‍ അന്‍വറും സംഘവും രംഗത്തിറങ്ങിയത്. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്‍വറിന്റെ അറസ്റ്റില്‍ കലാശിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment