തിരുവനന്തപുരം: സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് കേസെടുത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഒന്നാമത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയും വീണ ടി. രണ്ടാം പ്രതിയുമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് കടക്കും.
വിജിലന്‍സ് കേസെടുത്ത നടപടിയെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സ്വാഗതം ചെയ്തു. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അന്വേഷിച്ചാല്‍ മാത്രമേ മാസപ്പടി അഴിമതി പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്ന് മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞതാണെന്നും, കേസില്‍ അദ്ദേഹം ഒന്നാം പ്രതിയാകുമ്പോള്‍ ചെറുതല്ലാത്ത സന്തോഷമുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. പിണറായി വിജയനും കുടുംബവും വലിയ കൊള്ളയാണ് നടത്തിയതെന്നും, സി.പി.ഐ.എം. ഇനിയെങ്കിലും ഇത് ഉള്‍ക്കൊണ്ടില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ നിയമപരമായി സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് എഫ്.ഐ.ആറിടാന്‍ നിര്‍ബന്ധിതരായതെന്ന് ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജും പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment