കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അപകട സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് തൊട്ടുപിന്നാലെ ഇവര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലുള്ളവരില്‍ പ്രതി സുഹൈല്‍ സജീവിന്റെ സുഹൃത്തായ ആലപ്പുഴ സ്വദേശിയും ഉള്‍പ്പെടുന്നു.
അതിനിടെ, കേസില്‍ പ്രധാന പ്രതിയായ 19-കാരന്‍ സുഹൈല്‍ സജീവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. അപകടത്തിന് മുമ്പ് സുഹൈല്‍ മദ്യപിക്കാന്‍ കയറിയ മൂന്ന് ബാറുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ബാറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുഹൈല്‍ മദ്യത്തിന് പുറമേ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകാന്‍ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, വയനാട് മടക്കിമല സ്വദേശി ദേവിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്. എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്താവളത്തിന് സമീപമെത്തി ചായ കുടിച്ച് മടങ്ങവേയായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ചുകയറിയത്.
Comments
No comments yet. Be the first to comment!
Leave a Comment