ന്യൂഡല്‍ഹി: ഇന്ത്യ (INDIA) സഖ്യ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സഖ്യ നേതാക്കള്‍ ഉന്നയിക്കുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണെന്നും, അതിനാല്‍ ഇത്തരമൊരു കൂടിക്കാഴ്ച അനുചിതമാണെന്നും ചീഫ് ജസ്റ്റിസ് ഇ-മെയില്‍ വഴി മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്.ഐ.ആര്‍. (SIR) നടപടികള്‍ നിര്‍ത്തിവെക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് നിവേദനം നല്‍കാനായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും തീരുമാനം.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും ബി.ജെ.പി. പ്രവര്‍ത്തകരും പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചതായി ആരോപിച്ച രാഹുല്‍ ഗാന്ധി, നാം ആഗ്രഹിക്കുന്ന ഇന്ത്യ ഇതല്ലെന്ന് പ്രതികരിച്ചു. പാര്‍ട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ജനാധിപത്യത്തിനായുള്ള മാര്‍ച്ച് എന്ന പേരില്‍ ഉച്ചയ്ക്ക് 1.30-ന് കൊണാട്ട് പ്ലേസില്‍ നിന്ന് ബരാഖംബ റോഡിലേക്ക് സമരം സംഘടിപ്പിക്കും.
അതേസമയം, രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാനാണ് സി.ജെ.പി.യുടെയും തീരുമാനം. ഇന്ന് രാവിലെ 10 മണിക്ക് പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലെത്തി ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടും. അനുമതി ലഭിച്ചില്ലെങ്കില്‍ പകരം സമരവേദി പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രവര്‍ത്തകരോട് ഡല്‍ഹിയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസത്തെ സമരത്തിനിടെ കൊണാട്ട് പ്ലേസില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നിരവധി പ്രതിഷേധക്കാര്‍ ഇപ്പോഴും താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment