Monday, October 12, 2026
Kerala News

ബന്ധു നിയമന വിവാദം: ബിആര്‍എം ഷഫീറിന്റെ ഭാര്യ ആര്‍ എസ് ഷാനി രാജിവെച്ചു

ബന്ധു നിയമന വിവാദം: ബിആര്‍എം ഷഫീറിന്റെ ഭാര്യ ആര്‍ എസ് ഷാനി രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ആര്‍.എസ്. ഷാനി സീ-മാറ്റ് റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെച്ചു. സീ-മാറ്റിലെ ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് രാജി. അപേക്ഷ ക്ഷണിക്കാതെയും ഇന്റര്‍വ്യൂ നടത്താതെയും, വേണ്ടത്ര യോഗ്യതയില്ലാതെയുമാണ് നിയമനം നടത്തിയത് എന്ന ആക്ഷേപം ശക്തമായിരുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ ജോലിക്ക് 40,000 രൂപയായിരുന്നു ശമ്പളം.

ഒഴിവ് വന്ന സമയത്ത് ലഭിച്ച ബയോഡേറ്റയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നായിരുന്നു സീ-മാറ്റിന്റെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ രക്തബന്ധത്തിനും ബന്ധുക്കള്‍ക്കും പ്രസക്തിയില്ലെന്ന് പ്രഖ്യാപിച്ച ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യക്ക് തന്നെ ഇത്തരം നിയമനം ലഭിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് (സീ-മാറ്റ്) സ്ഥാപനത്തിലായിരുന്നു ഈ നിയമനം.

നിയമനം വിവാദമായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സീ-മാറ്റ് ഡയറക്ടറെ ഉപരോധിക്കുകയും, നിയമനം റദ്ദാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒഴിവ് വന്നപ്പോള്‍ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു ബി.ആര്‍.എം. ഷഫീറിന്റെ വിശദീകരണം. മുന്‍കാലങ്ങളില്‍ ബന്ധുനിയമനങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന യു.ഡി.എഫ് നേതൃത്വത്തിനെതിരെ ഭരണപക്ഷവും എതിരാളികളും ഈ വിഷയത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment