ആലപ്പുഴ: പരിപാടിയുടെ ബാനറില്‍ കെ.സി. വേണുഗോപാല്‍ എം.പിയുടെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയതില്‍ പരസ്യ വിമര്‍ശനവുമായി അമ്പലപ്പുഴ എം.എല്‍.എ ജി. സുധാകരന്‍. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായി നല്‍കിയെന്നും, പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ എന്തിനാണ് വെച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടികളില്‍ എം.എല്‍.എയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കേരളോത്സവം ഉദ്ഘാടന പരിപാടിക്കിടെ ജി. സുധാകരന്‍ പറഞ്ഞു.
ബാനര്‍ കണ്ടിട്ടല്ല ആരും വോട്ട് ചെയ്യുന്നത്, ചില ബാനറുകള്‍ കണ്ടാല്‍ വോട്ട് കുറയുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നത് താനായിരിക്കെ, പങ്കെടുക്കാത്തവരുടെ തല എന്തിനാണ് മുകളില്‍ വെക്കുന്നതെന്നും ഇത്തരത്തില്‍ ബാനറുകള്‍ തയ്യാറാക്കുന്നത് ശരിയായ രീതിയല്ലെന്നും ജി. സുധാകരന്‍ വേദിയില്‍ തുറന്നടിച്ചു.
അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജി. സുധാകരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സ്ഥലം എം.എല്‍.എമാരെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാന്‍ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ജി. സുധാകരന്റെ ചോദ്യം. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയില്‍ എത്തിയത്.


Comments
No comments yet. Be the first to comment!
Leave a Comment