22/11/2026
Kerala News

മെസി തട്ടിപ്പ്: കേരളത്തെ കബളിപ്പിച്ച സംഭവം, വി. അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്തു: രമേശ് ചെന്നിത്തല

മെസി തട്ടിപ്പ്: കേരളത്തെ കബളിപ്പിച്ച സംഭവം, വി. അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്തു:  രമേശ് ചെന്നിത്തല

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരില്‍ നടന്ന തട്ടിപ്പ് കേരളത്തെ കബളിപ്പിച്ച സംഭവമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ കേസില്‍ പ്രതിചേര്‍ത്ത നടപടിക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നതായും വിഷയത്തില്‍ ദുരൂഹമായ ഇടപാടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പ്രതികരിച്ചു.

അധ്യാപക സംഘടനയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തെയും ആഭ്യന്തര മന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞ 11 വര്‍ഷം അവര്‍ ചെയ്യാത്ത കാര്യങ്ങളാണ് ആറുമാസം കൊണ്ട് തങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും, സമരം ഉദ്ഘാടനം ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി തന്നെ എത്തുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം സമരം ചെയ്യാന്‍ കഴിയാതെ പോയതിന്റെ ദുഃഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജനങ്ങള്‍ ഇത് മനസ്സിലാക്കട്ടെയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍, മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിചേര്‍ത്തു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച കളമശ്ശേരി കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ആര്‍.ബി.സി (RBC) എന്ന സ്ഥാപനത്തിനായി മുന്‍ മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും ഇതിന് പിന്നില്‍ നേരായ ഉദ്ദേശ്യമാണോ ഉണ്ടായിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാലു ദിവസവും സൗജന്യമായി വിട്ടുനല്‍കിയതില്‍ സുതാര്യതയില്ലെന്നും ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം കൈമാറ്റത്തിനായി മുന്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും, കൃത്യമായ കരാറുകളില്ലാതെ സര്‍ക്കാരിന് ബാധ്യതയാകുന്ന ഉപാധികള്‍ ഉണ്ടാക്കിയെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement