ന്യൂഡല്‍ഹി: സംഘടനാ സംവിധാനത്തില്‍ നിര്‍ണായക അഴിച്ചുപണിയുമായി കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വിഭാഗങ്ങളുടെയും ചുമതലകള്‍ക്കായി 81 ദേശീയ സെക്രട്ടറിമാരെ നിയമിച്ചു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കത്തിന്റെ ഭാഗമായി സാമൂഹിക പ്രാതിനിധ്യത്തിന് വലിയ പരിഗണന നല്‍കിയുള്ള നിയമനങ്ങളാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്.
പുതുതായി നിയമിതരായ 81 പേരില്‍ 43 പേര്‍ പുതുമുഖങ്ങളാണ്. നേരത്തെ ചുമതല വഹിച്ചിരുന്ന 25 നേതാക്കളെ ഒഴിവാക്കുകയും ചെയ്തു. പുതിയ സെക്രട്ടറിമാരില്‍ പകുതിയോളം പേര്‍ ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
പുതിയ നിയമനങ്ങളില്‍ 29 പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഒബിസി വിഭാഗത്തില്‍ നിന്ന് 20 പേരും ഇബിസി വിഭാഗത്തില്‍ നിന്ന് അഞ്ച് പേരും പട്ടികജാതി വിഭാഗത്തില്‍ നിന്ന് 11 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് അഞ്ച് പേരും ഇടംനേടി. കൂടാതെ, 11 പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇതോടെ പുതിയ സെക്രട്ടറിമാരില്‍ മൂന്നില്‍ രണ്ടോളം പേരും എസ്സി, എസ്ടി, ഒബിസി, ഇബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരായി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംഘടനാ ചുമതലകള്‍ക്കൊപ്പം വിവിധ സംഘടനാ വിഭാഗങ്ങളുടെ ഉത്തരവാദിത്തങ്ങളും പുതുതായി നിയമിതരായ സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment