തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം (SIT) കരട് കുറ്റപത്രം തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായതായും, നിയമോപദേശം ലഭിച്ച ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കരട് കുറ്റപത്രം തയ്യാറായ സാഹചര്യത്തില്‍, പകരം മറ്റൊരു ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി വിവിധ ഫ്‌ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്നതാണ് കരട് കുറ്റപത്രം തയ്യാറായതില്‍ ഒരു കേസ്. ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവില്‍ പഠിക്കുന്ന മറ്റൊരു യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment