തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍. നിരാഹാര സമരത്തിലായിരുന്ന ഉദ്യോഗാര്‍ത്ഥി എം. ജയകൃഷ്ണന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. എസ്. വളര്‍മതിയും സമരപ്പന്തലില്‍ തുടരുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ജയകൃഷ്ണന്റെ നിരാഹാര സമരം പത്താം ദിവസത്തിലെത്തിയിരുന്നു.
മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല. അദ്ദേഹത്തിന് കരച്ചില് വരാതിരിക്കട്ടെ. മുഖ്യമന്ത്രി കരയുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല എന്നായിരുന്നു ജയകൃഷ്ണന്റെ പ്രതികരണം. സര്‍ക്കാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രിയാണെങ്കിലും ചര്‍ച്ചയ്ക്ക് തടസ്സം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണന് പറഞ്ഞു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവല നാടകമാണ് ചര്‍ച്ചയെന്നും നിരാഹാര സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളോട് ഒരാഴ്ച സമയം ചോദിക്കുന്നത് നീതികേടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിക്കുന്നതായി എം. ജയകൃഷ്ണന് അറിയിച്ചു. ജീവന് രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും നിരാഹാരം അവസാനിപ്പിക്കുന്നത് സമരത്തില്‍ നിന്ന് പിന്നോട്ടുപോകുന്നതായി അര്‍ഥമാക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനു വിലയില്ലാത്ത സര്‍ക്കാരിന് മുന്നില്‍ എന്തിനാണ് നിരാഹാരം തുടരുന്നതെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്നും ജയകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജയകൃഷ്ണന് മാത്രമാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. എസ്. വളര്‍മതി നിരാഹാര സമരം തുടരുകയാണ്.


Comments
No comments yet. Be the first to comment!
Leave a Comment