Sunday, September 20, 2026
Kerala News

ശബരിമലയില്‍ അരവണ ക്ഷാമം; തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് ഒരു ടിന്‍ മാത്രം

ശബരിമലയില്‍ അരവണ ക്ഷാമം; തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് ഒരു ടിന്‍ മാത്രം

പത്തനംതിട്ട:   ശബരിമലയില്‍ അരവണ വിതരണത്തില്‍ കടുത്ത നിയന്ത്രണം. തീര്‍ത്ഥാടകര്‍ക്ക് ഒരു ടിന്‍ അരവണ മാത്രമാണ് നിലവില്‍ നല്‍കുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. 20 ദിവസമായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും നിര്‍മാണ ജോലികള്‍ നടക്കുന്നതിനാലാണ് ഇതെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

കന്നിമാസ പൂജകള്‍ക്കായി നടതുറന്നതോടെ ദിനംപ്രതി നാല്പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്. തിരക്ക് വര്‍ധിച്ചതോടെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന മൂന്ന് ലക്ഷം ടിന്‍ അരവണ വേഗത്തില്‍ തീരുകയായിരുന്നു. അരവണയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്നലെ രാത്രിയില്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിനും ഇടയാക്കി. തിരക്ക് മുന്‍കൂട്ടി കാണുന്നതില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്.

അതേസമയം, തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വൈകുന്നതും വലിയ ആശങ്കയുയര്‍ത്തുന്നു. സാധാരണ സെപ്റ്റംബര്‍ പകുതിയോടെ 80 ശതമാനം ജോലികളും പൂര്‍ത്തിയാകാറുള്ള സ്ഥാനത്ത്, ഇത്തവണ ടെന്‍ഡര്‍-ലേല നടപടികള്‍ പോലും വൈകുകയാണ്. അരവണ ഡപ്പികളും ഫ്‌ലിപ്പ് ലിഡുകളും ഓഗസ്റ്റില്‍ എത്തിക്കേണ്ടതായിരുന്നുവെങ്കിലും ഇതിനുള്ള ടെന്‍ഡര്‍ നല്‍കുന്നത് വൈകി. മുന്നൊരുക്കങ്ങള്‍ പാളിയതോടെ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം ഭക്തര്‍ക്ക് ദുരിതമാകുമോ എന്ന ആശങ്ക ശക്തമാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment