Saturday, September 19, 2026
Kerala News

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് രാജു പി നായര്‍

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് രാജു പി നായര്‍

കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ വ്യാജ ആരോപണക്കേസില്‍ പരാതിക്കാരനായ കെ.പി.സി.സി. വക്താവ് രാജു പി. നായര്‍ കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയും ബ്ലാക്ക് മെയിലിങ് തന്ത്രവുമാണെന്നും, ചാനല്‍ ആസ്ഥാനത്ത് റെയ്ഡ് നടന്നപ്പോഴും ആന്റോ വ്യാജ ആരോപണം ആവര്‍ത്തിക്കുകയായിരുന്നുവെന്നും മൊഴി നല്‍കിയ ശേഷം രാജു പി. നായര്‍ പറഞ്ഞു.

മെസ്സി വിവാദം, മുട്ടില്‍ മരംമുറി, റിപ്പോര്‍ട്ടര്‍ ചാനല്‍ വില്‍പ്പന തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റോയുടെ കൈവശമുള്ള വ്യാജരേഖ പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കണമെന്നും, മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ഏത് ശക്തിയാണെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം പാര്‍ട്ടി ചാനലായ കൈരളിക്ക് പോലും പ്രതിരോധം തീര്‍ക്കാത്ത സി.പി.ഐ.എം. നേതാക്കള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് വേണ്ടി എന്തിന് മുന്നിട്ടിറങ്ങുന്നുവെന്നും രാജു പി. നായര്‍ പരിഹസിച്ചു.

എം. വി. നികേഷ് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സി.പി.ഐ.എമ്മിന്റെ കള്ളപ്പണം ചാനലില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. തോമസ് ഐസക് എന്തിനാണ് അസ്വസ്ഥനാകുന്നതെന്നും ആന്റോ അഗസ്റ്റിനെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്‍ ഉന്നയിച്ച വാദം. രാജു പി. നായരുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment