Monday, August 31, 2026
India News

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഡെറാഡൂണ്‍: ഹല്‍ദ്വാനിയിലെ ശുദ്ധികലശ ചടങ്ങിനെ വിമര്‍ശിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും നടത്തിയ പരാമര്‍ശങ്ങളില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍. ഡെറാഡൂണ്‍ കോട്വാലി പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനും മതവികാരം വ്രണപ്പെടുത്താനും ഇടയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.  

ഓഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീലാ മൈതാനത്ത് ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസ് റാലി നടന്നിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് വലതുപക്ഷ സംഘടനയായ ശ്രീറാം സേനയുടെ നേതൃത്വത്തില്‍ അതേ വേദിയില്‍ ശുദ്ധികലശ ചടങ്ങ് സംഘടിപ്പിച്ചു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച രാഹുല്‍ ഗാന്ധി, ഹല്‍ദ്വാനിയില്‍ നടന്നത് അയിത്താചരണത്തിന് തുല്യമാണെന്നും കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ദലിത് ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ മാന്യത നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് ശുദ്ധികലശത്തിന്റെ സംഘാടകര്‍ രംഗത്തെത്തിയത്. ഹല്‍ദ്വാനിയില്‍ നടന്നത് വേദി വൃത്തിയാക്കുന്നതിന്റെ ഭാഗമായുള്ള സാധാരണ ആചാരം മാത്രമാണെന്നും അതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ചടങ്ങില്‍ യാഗത്തിന് നേതൃത്വം നല്‍കിയ അങ്കിത് പാല്‍ ഒരു ദലിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നും തങ്ങള്‍ക്ക് ബി.ജെ.പിയുമായി യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംഘാടകര്‍ മുന്നോട്ടുവന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് കേസെടുക്കുകയും ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment