ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി വ്യക്തമാക്കി. ഓഗസ്റ്റ് 29-ന് നിശ്ചയിച്ചിട്ടുള്ള ഈ സ്വകാര്യ ചടങ്ങ് റദ്ദാക്കാന്‍ നഗരഭരണകൂടത്തിന്റെ അധികാരപരിധിയില്‍ സാധിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര സമ്പര്‍ക്ക പരിപാടിക്കായാണ് മോഹന്‍ ഭാഗവത് അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യൂണിവേഴ്സല്‍ വണ്‍നസ് പരിപാടിയില്‍ അയ്യായിരത്തോളം പേരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.
ഇന്ത്യ എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യ അവകാശമുള്ള ഒരു മതേതല റിപ്പബ്ലിക് ആണെന്ന ആശയമാണ് തനിക്കുള്ളതെന്ന് സൊഹ്റാന്‍ മംദാനി പറഞ്ഞു. ആരെയെങ്കിലും മാറ്റിനിര്‍ത്തുന്ന ആശയങ്ങളോട് തനിക്ക് കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മേയര്‍ എന്ന നിലയിലും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന നഗരത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് താന്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നും വിശദീകരിച്ചു.
അതേസമയം, മോഹന്‍ ഭാഗവതിന്റെ പരിപാടിക്കതിരെ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ തുടങ്ങിയ നിരവധി സംഘടനകള്‍ ന്യൂയോര്‍ക്ക് സിറ്റി ഹാളിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുകയും പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ലോകം ഒരു കുടുംബമാണ് എന്ന സാര്‍വത്രിക സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ടുവെക്കുന്നതെന്നാണ് സംഘാടകരായ എഹെഡ് ഫോറം വ്യക്തമാക്കിയത്.
Comments
No comments yet. Be the first to comment!
Leave a Comment