തിരുവനന്തപുരം: തെറ്റുതിരുത്തല്‍ ചര്‍ച്ചകള്‍ക്കായി വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെ, വ്യക്തിപൂജ വിവാദമടക്കമുള്ള പാര്‍ട്ടി വിമര്‍ശനങ്ങളില്‍ തുറന്ന നിലപാടുമായി സിപിഎം നേതാവ് പി. ജയരാജന്‍. പ്രത്യേക സാഹചര്യത്തില്‍ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടലിനപ്പുറം വ്യക്തിപൂജാ വിവാദത്തിന് പ്രത്യേക പ്രാധാന്യമില്ലെന്നാണ് ജയരാജന്റെ പ്രതികരണം.
കാരണഭൂതന്‍ പാട്ടിനെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവും ജയരാജന്‍ നടത്തിയതായാണ് വിലയിരുത്തല്‍. ഇതോടെ സിപിഎമ്മിനുള്ളില്‍ ജയരാജന്റെ നിലപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
2017ലാണ് പി. ജയരാജനെ ചുറ്റിപ്പറ്റി വ്യക്തിപൂജാ വിവാദം ശക്തമായത്. കണ്ണൂര്‍ തളാപ്പിലെ അമ്പാടിമുക്ക് സഖാക്കള്‍ എന്ന കൂട്ടായ്മ പിണറായി വിജയനെ അര്‍ജുനനായും പി. ജയരാജനെ തേര് തെളിക്കുന്ന കൃഷ്ണനായും ചിത്രീകരിച്ച് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരുന്നു. പിന്നാലെ പി.ജെ. ആര്‍മി എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മ ശക്തമായതോടെ പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ടു.
ജയരാജന്റെ ജാഗ്രതക്കുറവിനെ സംസ്ഥാന കമ്മിറ്റി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തിപരമായ വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. അതേസമയം, പാര്‍ലമെന്ററി രംഗത്തെ പരിഗണനകളില്‍ പി. ജയരാജനുണ്ടായ തിരിച്ചടിയും അതിന് പിന്നിലെ നേതൃത്വത്തിന്റെ നിലപാടുകളും പലഘട്ടങ്ങളിലും ചര്‍ച്ചയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment