സൗദി അറേബ്യയിലെ അതിര്‍ത്തി നഗരമായ നജ്റാനില്‍ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍-ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരുക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ഇറാന്റെ മേല്‍നോട്ടത്തില്‍ ഹൂതികളും ഇറാഖി മിലിഷ്യകളും സൗദിക്കെതിരെ ശക്തമായ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഈ ആക്രമണം.
അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടും ഹൂതികള്‍ ശക്തമായ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. യെമനിലെ മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണമുണ്ടായത്. പ്രത്യാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണങ്ങളെ യെമന്‍ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായ ഭാഷയില്‍ അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുക എന്ന ദുരഭിലാഷത്തോടെയാണ് ഹൂതികള്‍ ഈ വഞ്ചനാപരമായ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചെങ്കിലും, കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണങ്ങളെ അപലപിച്ച യെമനിലെ യുഎസ് എംബസി, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സൈന്യത്തിന്റെ ആയുധ-വെടിക്കോപ്പു ശേഖരങ്ങളും സൈനിക താവളങ്ങളും വാഹനങ്ങളും തകര്‍ത്തതായി ഹൂതികള്‍ അവകാശപ്പെട്ടു. പ്രദേശത്ത് ആളപായവും വന്‍ വസ്തുനാശവും സംഭവിച്ചതായി എമര്‍ജന്‍സി ഫോഴ്സസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഹൂതികളുടെ വന്‍ അവകാശവാദങ്ങളോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments
No comments yet. Be the first to comment!
Leave a Comment