ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയും കടുത്ത സംഘര്‍ഷാവസ്ഥയും ഉടലെടുക്കുന്നു. മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് അപ്രതീക്ഷിതമായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഇതിനൊപ്പം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ, മേഖല വീണ്ടും വലിയൊരു സൈനിക ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.
ജോര്‍ദാനില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വ്യോമസേനാ താവളത്തിനും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കേന്ദ്രത്തിനും നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പതിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് നേര്‍ക്കുള്ള ഭീഷണികളും അമേരിക്കന്‍ സൈന്യത്തിന്റെ നിയമവിരുദ്ധ നടപടികളും തുടരുന്നിടത്തോളം കാലം പ്രതിരോധവും തിരിച്ചടിയും തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി. ഇറാന്റെ ഈ പെട്ടെന്നുള്ള മിസൈല്‍ ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) വിലയിരുത്തി. ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിഭാഗങ്ങള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആഗോള എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ശക്തമാക്കാന്‍ ഇറാന്റെ നീക്കം സജീവമാണ്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കില്ലെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അതേസമയം, മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സംയുക്ത മാനേജ്‌മെന്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രത്യേക നിര്‍ദേശം ഒമാന്‍ ഇറാന് കൈമാറിയെങ്കിലും, പുതിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
Comments
No comments yet. Be the first to comment!
Leave a Comment