Friday, August 7, 2026
Kerala News

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു: എഫ്‌ഐആര്‍

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു: എഫ്‌ഐആര്‍

ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, രണ്ടാം പ്രതി മുന്‍ ബോര്‍ഡ് അംഗം എ. അജികുമാര്‍ എന്നിവര്‍ അന്യായമായ ലാഭമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് വിജിലന്‍സ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. ദേവസ്വം കമ്മീഷണറുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്, ഉയര്‍ന്ന വിലയ്ക്ക് മില്‍മയില്‍ നിന്നും നെയ്യ് വാങ്ങാന്‍ ഇരുവരും അനുമതി നല്‍കിയതിലൂടെ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു.  

മൂന്നാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു മില്‍മയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണെന്ന് വിജിലന്‍സ് കണ്ടെത്തി. കൂടാതെ, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെക്കൊണ്ട് നെയ്യുടെ മതിയായ ഗുണനിലവാരം പരിശോധിപ്പിച്ചില്ലെന്നും ഭക്തര്‍ നല്‍കിയ നെയ്യ് ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മില്‍മയില്‍ നിന്നും വാങ്ങിയ നെയ്യ് വകമാറ്റി ഉപയോഗിച്ചതായി സംശയമുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി മതിയായ രേഖകള്‍ സൂക്ഷിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.  

ഭാരതീയ ന്യായ സംഹിത (BNS), അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഈ കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നാണ് സൂചന. 




Related News

Comments

No comments yet. Be the first to comment!

Leave a Comment