Tuesday, July 28, 2026
Kerala News

ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് തട്ടിപ്പ്; മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട്

ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് തട്ടിപ്പ്; മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം:  ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ തന്നെ പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെടുകയും തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്ന് അത് ശുപാര്‍ശ ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഒരേസമയം പത്തനംതിട്ടയില്‍ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷന്‍ മാനേജറുമായിരുന്ന ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഈ ഗുരുതരമായ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. അംഗീകാരത്തിനായി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ ദുരൂഹമാണെന്ന് ക്ഷീരവകുപ്പ് ഡയറക്ടര്‍ നിരീക്ഷിച്ചു.  നെയ്യ് വില്‍പനയില്‍ വലിയ ആസൂത്രണത്തോടെയുള്ള ക്രമക്കേടുകളാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

സുതാര്യത ഉറപ്പാക്കുന്ന ഇ-ടെന്‍ഡര്‍ ഒഴിവാക്കി പകരം സീല്‍ഡ് ടെന്‍ഡര്‍ കൊണ്ടുവന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, മാര്‍ക്കറ്റിംഗ് വിഭാഗത്തെ പൂര്‍ണ്ണമായി മറികടന്നുകൊണ്ടാണ് നെയ്യ് കടത്താനുള്ള കരാര്‍ തയാറാക്കിയത്. തിരുവനന്തപുരം മേഖലാ യൂണിയനും പത്തനംതിട്ട ഭരണസമിതിയും ഈ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.  ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ബാച്ച് നമ്പറുകളില്‍ തിരിമറി നടത്തിയതായും റിപ്പോര്‍ട്ട് നിഗമനം ചെയ്യുന്നു. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് ഇവര്‍ ലക്ഷ്യമിട്ടത്. വിഷയത്തില്‍ പത്തനംതിട്ട മില്‍മ ഓഫീസില്‍ വിജിലന്‍സ് വിഭാഗം നേരിട്ടെത്തി സമഗ്രമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment