Monday, July 27, 2026
Kerala News

സാമ്പത്തിക പ്രതിസന്ധി: വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദേശവുമായി ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധി: വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദേശവുമായി ധനവകുപ്പ്



തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ചെലവ് നിയന്ത്രണം പാലിക്കണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് കര്‍ശന സാമ്പത്തിക അച്ചടക്കത്തിനും ചെലവ് ചുരുക്കലിനും പ്രാധാന്യം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ലാഭകരമല്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും, അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികളും മാറ്റിവെക്കാന്‍ കഴിയുന്ന മറ്റ് ചെലവുകളും താല്‍ക്കാലികമായി ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിലും വരാനിരിക്കുന്ന ബജറ്റിലും ചെലവ് നിയന്ത്രണം അനിവാര്യമാകുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ശമ്പളച്ചെലവ് ഒഴികെയുള്ള മറ്റ് ചെലവുകള്‍ക്ക് നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ അതേ പരിധി തന്നെ അടുത്ത വര്‍ഷവും തുടരണമെന്നാണ് നിര്‍ദേശം.

പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുകയെക്കാള്‍ അധികമായി വകയിരുത്തരുതെന്നും ധനവകുപ്പ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ബജറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനുമായി എല്ലാ വര്‍ഷവും സമാനമായ നിര്‍ദേശങ്ങള്‍ ധനവകുപ്പ് പുറത്തിറക്കാറുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment