കോഴിക്കോട്: നഗരമധ്യത്തിലെ പാളയം കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സ് ഷോറൂമില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ആരംഭിച്ച തീ വേഗത്തില്‍ മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ കനത്ത പുകയും പരിഭ്രാന്തിയും പരന്നു.
കെട്ടിടത്തിന് പുറത്തുണ്ടായിരുന്നവരാണ് ഷോറൂമിന്റെ മുകള്‍നിലയില്‍ നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. തീ പടരുന്നത് കണ്ടയുടനെ ഷോറൂമിലെ ജീവനക്കാരും ഉപഭോക്താക്കളും പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഷോറൂമിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്കും സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള കഠിനശ്രമം തുടരുകയാണ്.
തുണിത്തരങ്ങള്‍ വന്‍തോതില്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള കെട്ടിടമായതിനാല്‍ തീ അതിവേഗം പടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment