Wednesday, July 22, 2026
Kerala News

രക്ഷാപ്രവർത്തന കേസ് അട്ടിമറി: കൂടുതൽ സമയം ആവശ്യപ്പെട്ട M.R അജിത് കുമാറിന്റെ അപേക്ഷ DGP തള്ളി

രക്ഷാപ്രവർത്തന കേസ് അട്ടിമറി: കൂടുതൽ സമയം ആവശ്യപ്പെട്ട M.R അജിത് കുമാറിന്റെ അപേക്ഷ DGP തള്ളി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ ആവശ്യം ഡിജിപി നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപി ഇന്ന് തന്നെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാനാണ് സാധ്യത.

കൂടുതൽ വിവരങ്ങൾ വിശദമായി സമർപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം ആർ അജിത് കുമാർ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ നടപടികൾ അനാവശ്യമായി വൈകിപ്പിക്കാനുള്ള ശ്രമമാണിതെന്ന വിലയിരുത്തലിലാണ് ഡിജിപി അപേക്ഷ തള്ളിയത്. 

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വിശദീകരണത്തിൽ, ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരിക്കെ അന്വേഷണം നടന്ന സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്നായിരുന്നു എം ആർ അജിത് കുമാറിന്റെ നിലപാട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച് മൂന്നാഴ്ചകൾക്ക് ശേഷമാണ് ഡിജിപി അദ്ദേഹത്തോട് വിശദീകരണം തേടിയത്. തുടർന്ന് ആറാം ദിവസമാണ് ആദ്യ വിശദീകരണം സമർപ്പിച്ചത്.

ഈ മാസം 31-ന് നിലവിലെ ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ വിരമിക്കുന്നതോടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ എം ആർ അജിത് കുമാറിന് ഡിജിപി റാങ്ക് ലഭിക്കും. എന്നാൽ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി ആരംഭിച്ചാൽ സ്ഥാനക്കയറ്റത്തെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാലാണ് വിഷയത്തിൽ ആഭ്യന്തര വകുപ്പ് നടപടികൾ വേഗത്തിലാക്കുന്നതെന്നാണ് സൂചന.

എം ആർ അജിത് കുമാർ സമർപ്പിച്ച വിശദീകരണം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. തുടർന്ന് വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ആഭ്യന്തര വകുപ്പായിരിക്കും എടുക്കുക.

Related News

Comments

No comments yet. Be the first to comment!

Leave a Comment