ലോകകപ്പിനിടെ അര്‍ജന്റീനന്‍ താരങ്ങള്‍ക്കും ദേശീയ ടീമിനുമെതിരെ നടന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (AFA). ടീമിന്റെയും കളിക്കാരുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയ പ്രമുഖ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്‌ക്കെതിരെ നിയമവഴികളിലൂടെ കേസ് ഫയല്‍ ചെയ്യാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
കൃത്യമായ തെളിവുകളോ യാഥാര്‍ത്ഥ്യമോ ഇല്ലാതെയാണ് പല പ്രൊഫൈലുകളും മാധ്യമങ്ങളും ടീമിനെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ചതെന്ന് എ.എഫ്.എ വ്യക്തമാക്കി. ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ ഏജന്‍സികള്‍ എന്നിവരെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഡിജിറ്റല്‍ തെളിവുകളും വിവരങ്ങളും അധികൃതര്‍ ശേഖരിച്ചു വരികയാണ്.വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്ന പ്രൊഫൈലുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് എ.എഫ്.എ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കും.
കൂടാതെ, ടീമിന്റെയും അസോസിയേഷന്റെയും സല്‍പ്പേരിന് ഭംഗം വരുത്താന്‍ ശ്രമിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ വന്‍തുക നഷ്ടപരിഹാരം ഈടാക്കാന്‍ മാനനഷ്ടക്കേസുകളും ഫയല്‍ ചെയ്യും.ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും വിവിധ സ്‌പോര്‍ട്‌സ് പേജുകള്‍ക്കും വന്‍തുക പണം വാഗ്ദാനം ചെയ്ത് അര്‍ജന്റീനക്കെതിരെ തെറ്റായ വിമര്‍ശനങ്ങളും വ്യാജവാര്‍ത്തകളും ഉന്നയിക്കാന്‍ ചില പി.ആര്‍ (PR) ഏജന്‍സികള്‍ സംഘടിതമായി ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അനാവശ്യമായ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment