കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന വിമർശനമാണ് കോടതി ഉന്നയിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും, പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയെന്നും ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേസിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു.
കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അന്വേഷണം നടത്താത്ത പക്ഷം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും മുന്നറിയിപ്പ് നൽകി.
അറസ്റ്റിന്റെ കാരണങ്ങൾ രേഖപ്പെടുത്തേണ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് പ്രതിയെ ഹാജരാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നതെന്നും, ഇത്തരം നടപടിക്രമങ്ങൾ അറിയാത്തത് ഗുരുതര വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.
മൂന്ന് മാസത്തോളം ഒളിവിലായിരുന്ന ഡോ. എം കെ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, അറസ്റ്റിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പിന്നീട് വിട്ടയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി പൊലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയുടെ അഭിഭാഷകനും തമ്മിൽ ബന്ധമുണ്ടോയെന്നും പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെന്ന ആരോപണവും കോടതി പരാമർശിച്ചു.
നിതിൻ രാജിന്റെ മരണത്തിൽ പാവപ്പെട്ടവരോടും സ്വാധീനമുള്ളവരോടും പൊലീസ് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയ ഹൈക്കോടതി, അറസ്റ്റ് നടപടികൾ നിയമാനുസൃതമായിരുന്നോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും സർക്കാർ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment