Wednesday, July 22, 2026
Kerala News

ശബരിമല സ്ത്രീ പ്രവേശനം: നിലപാട് മാറ്റത്തിനെന്ന സൂചന നല്‍കി സിപിഎം

 ശബരിമല സ്ത്രീ പ്രവേശനം:  നിലപാട് മാറ്റത്തിനെന്ന സൂചന നല്‍കി സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും തങ്ങളുടെ മുന്‍നിലപാടുകളില്‍ അയവ് വരുത്തുന്നതായും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ക്ക് തയ്യാറാണെന്നുമുള്ള സൂചനകള്‍ പുറത്തുവരുന്നു. സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണെങ്കില്‍ അത് ചെയ്യുമെന്നും പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകള്‍ ചിലപ്പോള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരുമെന്നും സി.പി.എം നേതാക്കളായ എം.എ ബേബിയും മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ എല്ലാ വശങ്ങളും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നും സമയമാകുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചത്. അടുത്ത മാസം 14-നകം വിഷയത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കേണ്ടതുണ്ട്.

ഭരണഘടനാപരമായ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ കേസില്‍ ഒമ്പതംഗ ബെഞ്ച് ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇനി നിര്‍ണ്ണായകമാവുക. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകളില്‍ നിന്നും വിശ്വാസികളില്‍ നിന്നും സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഭരണഘടനാ വിദഗ്ധരുമായും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.






Related News

Comments

No comments yet. Be the first to comment!

Leave a Comment