ഇടുക്കി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്). കാലത്തിനനുസരിച്ച് ആചാരങ്ങളില്‍ മാറ്റമുണ്ടാകണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ അനാവശ്യമായി പ്രകോപിപ്പിക്കുകയാണെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഇടുക്കിയില്‍ പറഞ്ഞു. വോട്ടിനും സീറ്റിനും വേണ്ടിയുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് നിലവിലെ പല പ്രതിഷേധങ്ങള്‍ക്കും പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ മുമ്പ് യുവതി പ്രവേശനമുണ്ടായപ്പോള്‍ ശുദ്ധികലശവും പരിഹാരക്രിയകളും നിര്‍ദേശിച്ച തന്ത്രിയുടെയും പൗരോഹിത്യത്തിന്റെയും നിലപാടുകളിലെ വൈരുദ്ധ്യത്തെ പുന്നല ശ്രീകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് പൗരോഹിത്യത്തിന്റെ നേതൃത്വത്തില്‍ തന്നെ ആചാര ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതിനെതിരെ നാമജപ പ്രതിഷേധങ്ങളോ പരിഹാരക്രിയകളോ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്ത്രിക്ക് കവചമൊരുക്കുന്നവര്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വിസ്മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജാതി സെന്‍സസ് എത്രയും വേഗം നടപ്പിലാക്കണമെന്നും കെ.പി.എം.എസ് ആവശ്യപ്പെട്ടു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം അത്യാവശ്യമാണെന്നും സംഘടന വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment