Wednesday, July 22, 2026
Kerala News

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി സിനിമാ മേഖലയിലുള്ള പ്രമുഖരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമാതാവ് സുരേഷ് കുമാർ എന്നിവരുടെ മൊഴിയാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. കൊടിമരം സ്വർണം പൂശുന്നതിനായി നാണയ രൂപത്തിലും മറ്റും സ്വർണം നൽകിയതായി ഇവർ സ്ഥിരീകരിച്ചു. ഇതിന്റെ കൃത്യമായ കണക്കുകളും ഇവർ വിജിലൻസിന് കൈമാറിയതായാണ് സൂചന. കേസിൽ മൊഴി നൽകാൻ തയ്യാറാണെന്ന് നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളുടെയും സ്പോൺസർമാരുടെയും മൊഴിയെടുപ്പ് തുടരും.

2017-ൽ പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് കൊടിമരത്തിന്റെ പുനർനിർമാണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 27 സ്വർണദാതാക്കളുടെ മൊഴിയാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്. കൊടിമര നിർമാണത്തിനായി ശേഖരിച്ച സ്വർണത്തിന്റെ അളവിലും അവയുടെ രേഖകളിലും ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തെത്തുടർന്നാണ് ഈ നടപടി. ഭക്തർ നൽകിയ സ്വർണത്തിന് കൃത്യമായ രസീത് നൽകിയില്ലെന്നും ഏകദേശം 250 ഗ്രാമോളം സ്വർണം കണക്കിൽ കുറവാണെന്നും വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

കൂടാതെ, കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് വിട്ടുനൽകിയ നടപടിയും പ്രത്യേക അന്വേഷണസംഘം (SIT) പരിശോധിക്കുന്നുണ്ട്. ദേവസ്വം കമ്മീഷണറുടെ കർശന നിർദേശത്തിന് വിരുദ്ധമായാണ് പഴയ വാജി വാഹനം കൈമാറിയതെന്നാണ് ആരോപണം. ശബരിമലയിൽ നിന്നും കൊണ്ടുപോയ വാജി വാഹനം തന്നെയാണോ പിന്നീട് തിരികെ എത്തിച്ചത് എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നു. കൊടിമര നിർമാണത്തിന്റെ പേരിൽ വൻതോതിൽ അനധികൃതമായി പണം പിരിച്ചതായും പരാതികളുണ്ട്. ഈ മാസം തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് കോടതി നൽകിയിട്ടുള്ള നിർദേശം.

Related News

Comments

No comments yet. Be the first to comment!

Leave a Comment