ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 40 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്.
കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ്പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു.
പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഗ്നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. കര്‍ണൂല്‍ ജില്ലയിലെ ചിന്ന ടെക്കൂര്‍ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അധികാരികള്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും, അദ്ദേഹം എക്സില്‍ കുറിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment