ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍; ഇന്‍സ്റ്റാഗ്രാം വീഡിയോയോട് പ്രതികരിച്ച യുവാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച തീരുമാനങ്ങള്‍ വിശദീകരിച്ച് പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച വലിയ പിന്തുണയ്ക്കും നിര്‍ദേശങ്ങള്‍ക്കും യുവാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതികരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, വരുംദിവസങ്ങളില്‍ ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഗുരുതര വിഷയമാണെന്ന് വ്യാഴാഴ്ച രാത്രി പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടര മാസത്തിനിടെ ഈ വിഷയത്തില്‍ ഒന്നിലധികം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഒരു അക്കാദമിക് വര്‍ഷവും നഷ്ടപ്പെടാതിരിക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണനയെന്നും, അതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍കൈയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ പരീക്ഷാ ക്രമക്കേട് കേസുകള്‍ വിചാരണ ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയതിന് പിന്നാലെ ഭരണതലത്തിലും അഴിച്ചുപണി ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് മാറ്റി പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് മാറ്റുകയും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ (NTA) 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നടപടികള്‍ ഉണ്ടായിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന പ്രാഥമിക ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രക്ഷോഭകര്‍.
കഴിഞ്ഞ ദിവസം സി.ജെ.പി പ്രതിനിധികള്‍ കേന്ദ്രമന്ത്രിമാരെ കണ്ട് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു. അടിയന്തര ആവശ്യങ്ങള്‍ ചിലത് അംഗീകരിക്കപ്പെട്ടെങ്കിലും, ധര്‍മേന്ദ്ര പ്രധാന് ബി.ജെ.പി നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റാന്‍ സാധ്യതയില്ലെന്നുമാണ് കേന്ദ്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments
No comments yet. Be the first to comment!
Leave a Comment