Sunday, August 2, 2026
India News

ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം; കരഘോഷത്തോടെ ഭരണപക്ഷം

ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം; കരഘോഷത്തോടെ ഭരണപക്ഷം

മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാര്‍ക്കായി വന്‍ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. സഭയില്‍ മോദി, മോദി വിളികളും ഉയര്‍ന്നു. 

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാര്‍ഷിക ഉല്‍പാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പച്ചക്കറി-പഴ ഉല്‍പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.

എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, സുസ്ഥിര വികസിത മേഖലകളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടല്‍ ഇന്നവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബറട്ടറീസ് (എടിഎല്‍) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങള്‍ക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം.

സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment