Thursday, July 30, 2026
India News

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്

നീറ്റ് യുജി (NEET UG) ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമാണ് നടന്നതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ. പരീക്ഷാ വിദഗ്ധരും കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമകളും ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന ഉറവിടം മഹാരാഷ്ട്രയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.  

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിസി (RCC) കോച്ചിങ് സെന്റര്‍ ഉടമ ശിവരാജ് മൊട്ടേഗാവോങ്കറുടെ ഫോണില്‍ നിന്ന് 36 ചിത്രങ്ങളിലായി 132 കെമിസ്ട്രി ചോദ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 111 ചോദ്യങ്ങളും എന്‍ടിഎയുടെ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി കൃത്യമായി പൊരുത്തപ്പെടുന്നവയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ടെലിഗ്രാം ആപ്പ് വഴിയുള്ള സന്ദേശങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച ശേഷമാണ് ചോദ്യപേപ്പര്‍ മഹാരാഷ്ട്രയില്‍ നിന്നാണ് പുറത്തായതെന്ന് സിബിഐ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര - രാജസ്ഥാന്‍ - ഹരിയാന, മഹാരാഷ്ട്ര - രാജസ്ഥാന്‍ - കേരളം എന്നീ വഴികളിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത്.  

ഡല്‍ഹി റൗസ് അവന്യൂ കോടതിയിലെ അതിവേഗ പ്രത്യേക കോടതിയിലാണ് (Fast-Track Special Court) സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ടിഎ പാനലിലെ ചോദ്യപേപ്പര്‍ തര്‍ജിമ വിദഗ്ധന്‍ പി.വി. കുല്‍ക്കര്‍ണി, ബയോളജി, ഫിസിക്‌സ് വിദഗ്ധരായ മനീഷ മന്ധാരെ, മനീഷ ഹവാല്‍ദാര്‍ എന്നിവരും കോച്ചിങ് സെന്റര്‍ ഉടമകളും ഇടനിലക്കാരും ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. കേസ് ഓഗസ്റ്റ് 3-ാം തീയതി പ്രത്യേക കോടതി വിശദമായി പരിഗണിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment