അമേരിക്കയിലെ വാഷിങ്ടണില്‍ നടന്ന വിമാനദുരന്തത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് തന്നെ വീണ്ടും വിമാനപകടം. യുഎസ് നഗരമായ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു. ആളപായത്തെപ്പറ്റി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍നിന്നു മിസോറിയിലെ സ്പ്രിങ്ഫീല്‍ഡ്-ബ്രാന്‍സനിലേക്കു പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകര്‍ന്നത്.
അപകടത്തിന് പിന്നാലെ പ്രദേശത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ജനവാസ മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ അപകടം നടന്നതായി സ്ഥിരീകരിച്ച ഫിലാഡല്‍ഫിയ ഓഫിസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ്, റൂസ്വെല്‍റ്റ് മാള്‍ പരിസരത്തെ റോഡുകള്‍ അടച്ചതായും ഇതുവഴി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
അതെസമയം വാഷിങ്ടണ്‍ വിമാന അപകടത്തില്‍ 67 പേര്‍ മരിച്ചിരുന്നു, കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷത്തിനിടയില്‍ യുഎസില്‍ നടന്ന ഏറ്റവും വലിയ വിമാനാപകടമായിരുന്നു കഴിഞ്ഞദിവസം ഉണ്ടായത്.
Comments
No comments yet. Be the first to comment!
Leave a Comment