Sunday, August 2, 2026
International News

വാഷിംഗ്ടണ്‍ വിമാന അപകടം: ബ്ലാക്ക് ബോക്സ് കണ്ടെടുത്തു; നദിയിലെ തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി

വാഷിംഗ്ടണ്‍ വിമാന അപകടം:  ബ്ലാക്ക് ബോക്സ് കണ്ടെടുത്തു; നദിയിലെ തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി

യുഎസില്‍ യാത്രാവിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അപകടകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തത വരുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

അതെസമയം അപകടത്തിനിരയായവരുടെ മൃതദേഹങ്ങള്‍ക്കായി മുങ്ങല്‍ വിദഗ്ധര്‍ പോട്ടോമാക് നദിയില്‍  നടത്തിയ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നദിയില്‍ പതിച്ച വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം തിരച്ചില്‍ തുടരാനാണ് നീക്കം. നദിയില്‍ വീണ വിമാനത്തിന്റെ കൂറ്റന്‍ ലോഹഭാഗങ്ങള്‍ തിരച്ചിലിന് തടസം സൃഷ്ടിക്കുകയും ഡൈവേഴ്സിന്റെ ജീവന്‍ അപകടത്തിലാക്കാനുള്ള സാദ്ധ്യതയും പരിഗണിച്ചാണ് തീരുമാനം. ഇതുവരെ 28 മൃതദേഹങ്ങളാണ് പോട്ടോമാക് നദിയില്‍ നിന്ന് കണ്ടെടുത്തത്.

2009 ന് ശേഷം യുഎസിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. യാത്രാവിമാനത്തില്‍ 64 പേരും ഹെലികോപ്ടറില്‍ മൂന്ന് പേരുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന യാത്രാ വിമാനമാണ് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment