ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്നാനത്തിന് തൊട്ടുമുന്‍പുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടം.
രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. എഴുപതിലധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗത്തിലേക്കുള്ള വഴിയിലെ ബാരിക്കേഡുകള്‍ തകര്‍ന്നാണ് നിരവധി ഭക്തര്‍ക്ക് പരുക്കേറ്റതെന്നും സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്നും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ അകാന്‍ക്ഷ റാണ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അതെസമയം തിക്കും തിരക്കും ഉണ്ടായതിനെ തുടര്‍ന്ന് അഖാഡകള്‍ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത സ്നാന്‍ പിന്‍വലിച്ചു. തുടര്‍ന്ന് ഫെബ്രുവരി 3 ന് നടക്കുന്ന ബസന്ത് പഞ്ച്മിയിലെ മൂന്നാമത്തെ ഷാഹി സ്‌നാനത്തില്‍ അഖാഡകള്‍ പങ്കെടുക്കുമെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment