Sunday, August 2, 2026
India News

മോദി കി ഗാരന്റിയുടെ പാത സ്വീകരിച്ചു കേജ്രിവാളിന്റെ ഉറപ്പ്: പാലിക്കാതെ പോയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒരവസരംകൂടി നല്‍കണമെന്ന് അഭ്യര്‍ത്ഥന

മോദി കി ഗാരന്റിയുടെ പാത സ്വീകരിച്ചു കേജ്രിവാളിന്റെ ഉറപ്പ്: പാലിക്കാതെ പോയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒരവസരംകൂടി നല്‍കണമെന്ന് അഭ്യര്‍ത്ഥന


ന്യൂഡല്‍ഹി: പ്രകടപത്രികയില്‍ പാലിക്കാതെ പോയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒരവസരംകൂടി ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ പുറത്തിറക്കി. കേജ്രിവാള്‍ കി ഗാരന്റി (കേജ്രിവാളിന്റെ ഉറപ്പ്) എന്ന പേരില്‍ പുറത്തിറക്കിയ പട്ടികയില്‍ 15 വാഗ്ദാനങ്ങളാണുള്ളത്. 2020 തിരഞ്ഞെടുപ്പില്‍ ഇതേ വിശേഷണത്തോടെയാണ് എ.എ.പി പ്രകടന പത്രിക അവതരിപ്പിച്ചത്. തുടര്‍ന്ന് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും പ്രകടനപത്രികയെ മോദി കി ഗാരന്റി എന്നാണ് വിശേഷിപ്പിച്ചത്.

ഡല്‍ഹി നിവാസികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍, മഹിള സമ്മാന്‍ യോജന അര്‍ഹരായ വനിതകള്‍ക്ക് മാസം 2,100 രൂപ, മുതിര്‍ന്ന പൗരന്‍മാര്‍ക്കു സൗജന്യ ചികിത്സ, 24 മണിക്കൂറും മുടക്കമില്ലാതെ ശുദ്ധജലവിതരണം, പൂജാരിമാര്‍ക്കും ഗ്രന്ഥിമാര്‍ക്കും 18,000 രൂപ മാസ ശമ്പളം എന്നിങ്ങനെ പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കിടെ പലതവണയായി പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചാണ് കേജ്രിവാള്‍ കി ഗാരന്റി എന്ന പേരില്‍ പ്രകടന പത്രികയിറക്കിയത്.

നടപ്പാക്കും എന്നുറപ്പുള്ള വാഗ്ദാനങ്ങളെ ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്കു നല്‍കാറുള്ളൂവെന്ന് കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ റോഡുകള്‍ രാജ്യാന്തര നിലവാരമുള്ളതാക്കും, 24 മണിക്കൂറും മുടക്കമില്ലാത്ത ശുദ്ധജലം, യമുന ശുദ്ധീകരണം തുടങ്ങിയ വിഷയങ്ങള്‍ 2020ല്‍ തന്നെ എ.എ.പി ജനങ്ങള്‍ക്കു മുന്നില്‍ വച്ചതാണ്. എന്നാല്‍, കോവിഡ് വ്യാപനം കാരണം ഇവ പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നാണ് രാഷ്ട്രീയ ഗൂഢാലോചന നടത്തി എതിരാളികള്‍ തങ്ങളെ ജയിലിലടച്ചത്. അതിനാല്‍ വാക്കു പാലിക്കാനായില്ല. വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മൂന്നു പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ എ.എ.പി ജനങ്ങള്‍ക്കു നല്‍കിയ സൗജന്യങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും അതുവഴി ഒരു കുടുംബത്തിന് പ്രതിമാസം 25,000 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കേജ്രിവാള്‍ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി അതിഷി മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ എന്നിവരും പ്രകടനപത്രികയുടെ പ്രകാശന ചടങ്ങില്‍ കേജ്രിവാളിനൊപ്പം വേദിയിലുണ്ടായിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment