ന്യൂഡല്‍ഹി: വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റങ്ങള്‍ക്കാണ് പാര്‍ലമെന്റിന്റെ സംയുക്ത സമിതി അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംഭവിക്കാന്‍ പോകുന്നത്. ഇനി പറയുന്നതെല്ലാം വഖഫ് സ്വത്ത് ആകില്ല. അതിനു നിയമം നിഷ്‌കര്‍ശിക്കുന്ന ചില വ്യവസ്ഥകളുണ്ട്. അതിനുവിധേയമായിട്ടേ വഖഫ് ഭൂമി നിര്‍ണയം ഇനിയങ്ങോട്ട് നടത്താനാകൂ. മാത്രമല്ല സര്‍ക്കാര്‍ വസ്തുവകകളെ വഖഫ് പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
മുന്‍പ് വഖഫ് ബോര്‍ഡ് പ്രഖ്യാപിക്കുന്ന സ്വത്തുവകകള്‍ വഖഫ് ആയി മാറിയിരുന്നു. ആ വകുപ്പാണ് നിയമത്തില്‍ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നത്. രേഖാമൂലമുള്ള ഡീഡ് വഴി മാത്രമേ സ്വത്തിനേയോ ഭൂമിയേയോ വഖഫ് അക്കിമാറ്റാനാകു. നിലവില്‍ വാക്കാലോ ദീര്‍ഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു. മുസ്‌ലീം ഇതര വിഭാഗക്കാര്‍ക്കും വഖഫ് നല്‍കാമെന്ന വ്യവസ്ഥയും ഒഴിവാക്കി. അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നല്‍കുന്നതേ ഇനി വഖഫ് സ്വത്താകൂ.
വഖഫ് സ്വത്ത് പരിശോധിക്കാനുള്ള അധികാരം സര്‍വേ കമ്മിഷണറില്‍നിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റിയതാണ് മറ്റൊരു സുപ്രധാന മാറ്റം. സര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായകമാകും. മാത്രമല്ല വഖഫ് ബോര്‍ഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാനാകുമെന്ന സൗകര്യവും ഭേദഗതിയിലുണ്ട്. അതേപോലെ ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. അമുസ്ലിങ്ങളായ രണ്ടുപേര്‍ ഭരണസമിതിയില്‍ ഉണ്ടാകുമെന്നും ഭേദഗതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളുകയും ചെയ്തു. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്തു. ഭരണപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
രാജ്യത്തെ മുസ്ലീം ചാരിറ്റബിള്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആകെ 44 ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിനാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷസഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ബില്‍ ജോയിന്റ് പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു.
India
News
പറയുന്നതെല്ലാം ഇനി വഖഫ് അല്ല, പുതിയ വ്യവസ്ഥകളുമായി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം; സര്‍ക്കാര്‍ വസ്തുക്കളെ വഖഫില്‍ നിന്ന് ഒഴിവാക്കി
Comments
No comments yet. Be the first to comment!
Leave a Comment