ഗാസ: അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗാസയില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റേയും പുലരി സമ്മാനിക്കുന്നതായിരുന്നു. വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിന് വന്ന ശേഷം ഗാസ ഉണര്‍ന്നത് വെടിയൊച്ചകളും അലമുറകളുമില്ലാത്ത ദിനങ്ങള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു.
തെരുവുകളാകെ സന്തോഷത്തിലാണ്. ഭയംമാറിയതോടെ സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുകളില്‍ ഒരു തിളക്കം കണ്ടു തുടങ്ങിയിരിക്കുന്നു. തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍, ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. നൃത്തം ചെയ്യുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ താള മേളങ്ങളോടെ പലസ്തീന്‍ പതാകകള്‍ വീശിയും മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി.
ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റാഫയില്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആളുകള്‍ കൂട്ടത്തോടെ മടങ്ങാന്‍ തുടങ്ങി. ആക്രമണത്തില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്ക് മുന്‍പില്‍ പലരും വിതുമ്പുന്നത് കാണാമായിരുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങളാണ് എങ്ങും കാണാനാകുന്നത്.
വെള്ളിയാഴ്ച ആറ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്‍കിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നല്‍കിയിരുന്നു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിലെ സഖ്യകക്ഷിയായ ഒറ്റ്‌സ്മ യെഹൂദിറ്റ് പാര്‍ട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് ഇവരുടെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു.
3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കും. അടിയന്തിര സഹായവുമായി 4,000 ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാനായി തയ്യാറായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ അറിയിച്ചു.
ആദ്യ ദിവസം മോചിപ്പിക്കേണ്ട മൂന്ന് വനിത ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് അവസാനമായിരിക്കുന്നത്. പ്രാദേശിക സമയം നാലു മണിയോട് കൂടി മൂന്ന് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. വരും ദിവസങ്ങളിലും കൂടുതല്‍ പേരെ ഇരുവരും കൈമാറും.
International
News
വെടിയൊച്ചകളില്ല, സ്ത്രീകളുടേയും കുട്ടികളുടേയും അലമുറകളില്ല... തെരുവുകളില്‍ നൃത്തമാടി ജനം: ഗാസയില്‍ സന്തോഷത്തിന്റെ വെളിച്ചം പരക്കുന്നു
Comments
No comments yet. Be the first to comment!
Leave a Comment