Sunday, August 2, 2026
International News

വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രായേലില്‍ ഭരണപ്രതിസന്ധി: നെതന്യാഹു മന്ത്രസഭയില്‍ നിന്ന് ദേശീയ സുരക്ഷാ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു; തീവ്രവാദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രായേലില്‍ ഭരണപ്രതിസന്ധി: നെതന്യാഹു മന്ത്രസഭയില്‍ നിന്ന് ദേശീയ സുരക്ഷാ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു; തീവ്രവാദത്തിന് വഴങ്ങിയെന്ന് ആക്ഷേപം


ടെല്‍ അവീവ്: അനിശ്ചിതത്വത്തിനും നാടകീയതകള്‍ക്കും ഒടുവില്‍ ഗാസയും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേലില്‍ ഭരണ പ്രതിസന്ധി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രസഭയിലെ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഒട്‌സ്മ യെഹുദീതില്‍ നിന്നുള്ള അഞ്ചു പേരും രാജിവച്ചതാണ് ഭരണപക്ഷത്തിന് വന്‍ തിരിച്ചടിയായിത്.


ആറ് അംഗങ്ങളാണ് ഒട്‌സ്മ യെഹുദീതില്‍ നിന്ന് ഭരണപക്ഷത്തുണ്ടായിരുന്നത്. ഇവര്‍ രാജിവച്ചതോടെ 120 അംഗ സഭയില്‍ നെതന്യാഹു സര്‍ക്കാരിന്റെ ഭൂരിപക്ഷം 68 ല്‍ നിന്ന് 62 ആയി കുറഞ്ഞു. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരാളുടെ ഭൂരിപക്ഷം മാത്രമേയുള്ളൂ. സഖ്യം വിടുകയാണെന്ന് ഇറ്റാമര്‍ പ്രഖ്യാപിച്ചെങ്കിലും നെതന്യാഹു സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയത് ഭരണപക്ഷത്തിന് താല്‍കാലിക ആശ്വാസമാണ്. എന്നാല്‍ കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഒരാള്‍ മാത്രം കൂടുതലുള്ളതിനാല്‍ നെതന്യാഹുവിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. 


ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. പട്ടിക കൈമാറിയില്ലെങ്കില്‍ കരാര്‍ നടപ്പാകില്ലെന്ന് ഇസ്രായേല്‍ ആദ്യം നിലപാടെടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് പേരുടെ പട്ടിക ഹമാസ് കൈമാറുകയായിരുന്നു. റൊമാനിയന്‍ പൗരയും രണ്ട് ബ്രിട്ടീഷ് പൗരന്‍മാരേയുമാണ് ഇന്ന് വിട്ടയക്കുക. കരാര്‍ പ്രകാരം ഹമാസ് പിടികൂടിയ 100 പേരെ വിട്ടയക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇസ്രായേലും പാലസ്തീന്‍ ബന്ദികളെ കൈമാറും.


ബന്ദികളാക്കിയവരില്‍ 33 പേരെയാണ് ഹമാസ് ആദ്യഘട്ടത്തില്‍ വിട്ടുനല്‍കുക. സ്ത്രീകള്‍, കുട്ടികള്‍, 50നു മുകളില്‍ പ്രായമുള്ളവര്‍, പരുക്കേറ്റവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വിട്ടുനല്‍കുന്ന ഓരോ ബന്ദികള്‍ക്കും പകരമായി തങ്ങളുടെ തടവിലുള്ള 30 പലസ്തീന്‍കാരെ വീതം ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേലിന്റെ വനിത സൈനികരെ മോചിപ്പിക്കുമ്പോള്‍ ഓരോ സൈനികര്‍ക്കും പകരമായി 50 തടവുകാരെ വീതം ഹമാസിന് വിട്ടുനല്‍കും. ആദ്യ ദിവസം 3 ബന്ദികളെയും തുടര്‍ന്നുള്ള ഓരോ ആഴ്ചയും മൂന്നുപേരെ വീതവും അവസാന ആഴ്ച 33 പേരില്‍ ബാക്കിയുള്ള എല്ലാവരെയും മോചിപ്പിക്കും എന്നാണ് വ്യവസ്ഥ. 


ആദ്യഘട്ടത്തില്‍ ദിവസവും 10 മണിക്കൂറും ബന്ദികളെയും തടവുകാരെയും കൈമാറുന്ന ദിവസങ്ങളില്‍ 12 മണിക്കൂറും ഇരുപക്ഷവും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കും. കരാറിന്റെ 22-ാം ദിവസം മധ്യഗാസയില്‍നിന്ന്, പ്രധാനമായും നെറ്റ്‌സരിം, കുവൈത്ത് റൗണ്ടബൗട്ട് എന്നിവിടങ്ങളില്‍നിന്ന് ഇസ്രയേല്‍ സേന പിന്മാറും. വടക്കന്‍ ഗാസയില്‍ നിന്നു പലായനം ചെയ്തവരെ കാല്‍നടയായി തിരികെ പ്രവേശിപ്പിക്കും. ഇവര്‍ നിരായുധരാണെന്ന് ഉറപ്പുവരുത്തും. ഭക്ഷണം, ഇന്ധനം തുടങ്ങിയവയുമായുള്ള 600 ട്രക്കുകളാണ് പ്രതിദിനം കടത്തിവിടുക. 


തകര്‍ന്നടിഞ്ഞ ഗാസയുടെ പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം എന്നിവ രാജ്യാന്തര സംഘടനകളായ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെ എല്ലാ ഘട്ടത്തിലും തുടരും. രണ്ടാഘട്ടം ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ ബാക്കി സൈനികരടക്കമുള്ള പുരുഷ ബന്ദികളെ ഹമാസും അതിന് ആനുപാതികമായ തടവുകാരെ ഇസ്രയേലും പരസ്പരം വിട്ടുനല്‍കും. ബന്ദി മോചനം പൂര്‍ണമായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫിലാഡെല്‍ഫി ഇടനാഴിയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. മൂന്നാംഘട്ടത്തിലാകും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരസ്പരം വിട്ടുനല്‍കുക. 


15 മാസം നീണ്ട് നിന്ന് യുദ്ധത്തിനും സംഘര്‍ഷത്തിനുമാണ് വെടിനിര്‍ത്തല്‍ കരാറിലൂടെ അവസാനമായിരിക്കുന്നത്. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ പേജര്‍ ആക്രമണത്തിന് പിന്നാലെയാണ് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ രാജ്യത്ത് 48,000 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment