Sunday, August 2, 2026
India News

സ്വന്തം മുന്നണിയിലെ ഘടകക്ഷിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി: കെജ്രിവാളിനെ ഉപമിച്ചത് നരേന്ദ്ര മോദിയോട്; വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇരുപാര്‍ട്ടികളും പരാജയമെന്ന് ആക്ഷേപം

സ്വന്തം മുന്നണിയിലെ ഘടകക്ഷിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി: കെജ്രിവാളിനെ ഉപമിച്ചത് നരേന്ദ്ര മോദിയോട്; വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇരുപാര്‍ട്ടികളും പരാജയമെന്ന് ആക്ഷേപം


ന്യൂഡല്‍ഹി: സ്വന്തം മുന്നണിയുടെ ഭാഗമായ ഘടകക്ഷിയേയും നേതാവിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു ഡല്‍ഹിയിലെ സീലംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം വിര്‍ശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയേയും കെജ്രിവാളിനേയും വിമര്‍ശിക്കുന്നത് സാധാരണമാണെങ്കിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യമാണ്.

പണപ്പെരുപ്പം കുറയ്ക്കുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബി.ജെ.പിയേ പോലെ തന്നെയാണ് ആം ആദ്മിയുമെന്ന് രാഹുല്‍ പറഞ്ഞു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയാണ് ഇരുവരും. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പിന്തുണ നല്‍കാന്‍ മോദിയും കെജ്രിവാളും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ദീര്‍ഘകാലമായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരുവരും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായങ്ങള്‍ക്ക് ന്യായമായ വിഹിതം നിഷേധിക്കുന്നത് ഇരു സര്‍ക്കാരുകളും തുടരുകയാണ്. സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിയില്‍ ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള നയമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കതെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കി സംവരണ പരിധി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെന്‍സസ്, പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം എന്നിവ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കാന്‍ കെജ്‌രിവാളിനെ രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയും ചെയ്തു.

നഗരത്തെ മാലിന്യ മുക്തമാക്കാനും അഴിമതി തടയാനും വര്‍ധിച്ചുവരുന്ന മലിനീകരണവും പണപ്പെരുപ്പവും നേരിടാനുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.



Related News

Comments

No comments yet. Be the first to comment!

Leave a Comment