Sunday, August 2, 2026
India News

പരീക്ഷ മാറ്റിവെക്കാൻ കടന്നകൈ: 23 സ്‌കൂളുകള്‍ക്ക് വ്യാജബോംബ് ഭീഷണി അയച്ച വിദ്യാര്‍ത്ഥി പിടിയില്‍; സംഭവം രാജ്യതലസ്ഥാനത്ത്

പരീക്ഷ മാറ്റിവെക്കാൻ കടന്നകൈ: 23 സ്‌കൂളുകള്‍ക്ക് വ്യാജബോംബ് ഭീഷണി അയച്ച വിദ്യാര്‍ത്ഥി പിടിയില്‍; സംഭവം രാജ്യതലസ്ഥാനത്ത്


ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ 23 സ്‌കൂളുകള്‍ക്ക് നേരെ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥി വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയതെന്ന് സിറ്റി പോലീസ് പറഞ്ഞു. അതേസമയം തന്റെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്തിട്ടില്ല. 


സംശയം തോന്നാതിരിക്കാനാണ് സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി സന്ദേശം അയയ്ക്കാതിരുന്നതെന്നാണ് പോലീസ് പറഞ്ഞത്. ബോംബ് ഭീഷണിക്ക് പിന്നില്‍ വലിയ ആസൂത്രണമാണ് വിദ്യാര്‍ത്ഥി ചെയ്തത് എന്നും ഇതുവഴി പരീക്ഷ തടസപ്പെടുത്താം എന്നായിരുന്നു കണക്കുകൂട്ടിയിരുന്നത് എന്നും പോലീസ് പറഞ്ഞു. 


ബോംബ് ഭീഷണിയെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അവധി പ്രഖ്യാപിച്ചിരുന്നു. ബോംബ് സ്‌ക്വാഡും സ്നിഫര്‍ ഡോഗ്സും സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഡല്‍ഹിയില്‍ ഇത്രയും ഭയാനകമായ ഒരു അവസ്ഥ താന്‍ കണ്ടിട്ടില്ലെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. 


കഴിഞ്ഞ മാസം ഡി.പി.എസ് ആര്‍.കെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇത് അതാതു സ്കൂളുകളിലെ കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവമാണ് വിദ്യാര്‍ത്ഥിക്കും പ്രചോദനമായത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ചെറിയ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ നിര്‍വീര്യമാക്കാന്‍ 30,000 ഡോളര്‍ വേണമെന്നും ആവശ്യപ്പെട്ടതായിരുന്നു സന്ദേശം. 


അതേസമയം അടിക്കടി ഇത്തരം വ്യാജ ഭീഷണികള്‍ വരുന്നതില്‍ ആശങ്കരാണ് അധ്യാപകരും സ്കൂൾ അധികൃതരും. ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സിറ്റി പോലീസ് പരിശീലനം നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പോലീസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment