വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് കസേരയിൽ നിന്ന് പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കയിലെ ലോസാഞ്ചൽസിൽ നിയന്ത്രണാതീതമായി ആളിപ്പടരുന്ന കാട്ടുതീയിൽ വെന്തുരുകുന്നത് യഥാർത്ഥത്തിൽ ജോ ബൈഡനാണ്. തീ നിയന്ത്രണ വിധേയമാക്കാൻ പരാജയപ്പെട്ടിരിക്കുകയാണെന്നു ആരോപിച്ചു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം ശക്തമായ വിമർശനമാണ് ബൈഡനെതിരെ ഉന്നയിക്കുന്നത്. കാട്ടുതീ പ്രതിസന്ധിയെ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ബൈഡൻ ഭരണകൂടം ഒരുക്കിയില്ലെന്ന് ട്രംപിന് പിന്നാലെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും ആരോപിച്ചു.
അമേരിക്കയിലെ ലോസാഞ്ചൽസിൽ കഴിഞ്ഞ ദിവസമാണ് കാട്ടുതീ ആളിപ്പടർന്നത്. ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്‍റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസിലുണ്ടായ തീപിടിത്തത്തിൽ 15,000 ഏക്കറോളം കത്തിനശിച്ചു. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല.
സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലായിരുന്നു രണ്ടാമത്തെ തീപിടിത്തമുണ്ടായത്. മേഖലയിൽ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. അഞ്ചു പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. ആകെ 28,000 ഏക്കർ വിസ്തൃതിയുള്ള വിശാലമായ പ്രദേശത്താണ് തീ പടർന്നത്. ലോസാഞ്ചൽസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീയാണിതെന്നാണ് പറയപ്പെടുന്നത്.
1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. നാസയുടെ റോബോട്ടിങ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും ഓസ്‌കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഹോളിവുഡ് ഹിൽസിനും തീപിടിത്ത ഭീഷണിയുണ്ട്.
ജാമി ലീ കർട്ടിസ്, മാർക്ക് ഹാമിൽ തുടങ്ങിയ സെലിബ്രിറ്റികൾ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിൽ വ്യാപകമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് വിലമതിക്കുന്ന വീടുകളും സ്വത്തുക്കളും തീപിടുത്തത്തിൽ കത്തി നശിച്ചു. ഏകദേശം പത്ത് ലക്ഷം വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. സാധാരണക്കാരും ഉന്നത വ്യക്തികളും ഉൾപ്പെടെ നിരവധി പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. അഗ്നിബാധയെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണിതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. ആറു മാസക്കാലം ദുരന്തത്തെ നേരിടുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന തന്റെ അവസാന വിദേശ യാത്രയായ ഇറ്റലി സന്ദർശനം ഒഴിവാക്കിയാണ് ബൈഡൻ വാഷിങ്ടണിൽ തങ്ങുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment