Sunday, August 2, 2026
Kerala News

റെഡ് അലര്‍ട്ട് വൈകിയെന്ന വിമര്‍ശനം: വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

 റെഡ് അലര്‍ട്ട് വൈകിയെന്ന വിമര്‍ശനം: വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ വൈകിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴ മുന്നറിയിപ്പുകള്‍ ഒട്ടേറെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും കാലാവസ്ഥാ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്നും, ഇതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി.

കാലവര്‍ഷ സാഹചര്യങ്ങളില്‍ അലര്‍ട്ടുകളെ മാത്രം ആശ്രയിച്ചല്ല മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും പിന്നീട് സാഹചര്യം വിലയിരുത്തി റെഡ് അലര്‍ട്ടിലേക്ക് മാറ്റുകയും ചെയ്യുന്നത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കാലാവസ്ഥാ റഡാറുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മൂന്ന് മണിക്കൂര്‍ ഇടവിട്ട് പോലും മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടാകാറുണ്ടെന്ന് ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. നിലവില്‍ മഴയുടെ തീവ്രത കുറയുമെങ്കിലും ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും അദ്ദേഹം അറിയിച്ചു.

ഏതൊക്കെ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് കൃത്യമായി മുന്‍കൂട്ടി പ്രവചിക്കുന്നതിന് ഇപ്പോഴും സാങ്കേതിക പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment